“ഞാനെന്റെ റസൂലിനെ കനവിൽ കണ്ടേ…
ഞാനെന്റെ റസൂലിനെ നിനവിൽ കണ്ടേ….”
മലയാള ഗാനത്തിലെ വല്ലാതെ കൊതിപ്പിക്കുന്ന രണ്ട് വരികളാണ്.
റസൂലിനെ കാണാൻ കൊതിച്ചുനടക്കുന്നവർ, കണ്ടവർ വീണ്ടും വീണ്ടും കാണാൻ കൊതിക്കുന്നവർ,
അതിനൊക്കെയായി ജീവിതം ഒരുക്കിയും, പ്രാർത്ഥിച്ചും കഴിച്ച് കൂട്ടുകയാണവർ.
നിനവിലും, കനവിലും കണ്ടോരുടെ ചരിതങ്ങൾ ഹൃദയങ്ങളിലിട്ട് താലോലിക്കുകയാണവർ.
അത്തഹിയാത്തിലെ സലാമിന് മുത്തുറസൂൽ സ്വല്ലല്ലാഹു അലൈഹി വസല്ലം തങ്ങളുടെ മറുപടി എന്നും കേൾക്കാൻ സൗഭാഗ്യം ലഭിച്ച വലിയൊരു ആശിഖായിരുന്നു ഇമാം അഹ്മദ് റസാഖാൻ ബറെൽവി ( imam ahmad raza khan barelvi). ഈ മഹത്തായ തൗഫീഖിൻ്റെ നന്ദി പ്രകടനമാണ്
മുസ്തഫാ ജാനേ റഹ്മത്ത്…..ൻ്റെ വരികൾ.
ഇമാം അഹ്മദ് റസാഖാൻ ബറെൽവി തൻ്റെ രണ്ടാമത്തെ ഹജ്ജ് യാത്രയിൽ മുത്തുനബി സ്വല്ലല്ലാഹു അലൈഹി വസല്ലം തങ്ങളുടെ ചാരത്ത് ചെന്ന് ചൊല്ലിയ ഒരു സ്വലാത്ത് ഉണ്ട്.
صَلَّى اللهُ عَلَى النَّبَيِّ الْأُمِّيِّ
وَآلِهِ صَلَّى اللهُ عَلَيْه وَسَلَّمَ
صَلَاةً وَسَلَاماً عَلَيْكَ
يَا رَسُولَ الله
രാത്രി മുഴുവനും ഈ സ്വലാത്ത് ചൊല്ലുകയും മദീനയിൽ തന്നെ താമസിച്ച് രണ്ടാമത്തെ ദിവസവും സ്വലാത്ത് ആവർത്തിച്ചപ്പോൾ ഒരു മറയും കൂടാതെ മുത്തുനബി സ്വല്ലല്ലാഹു അലൈഹി വസല്ലം തങ്ങളെ ഉണർവിൽ കാണാനുള്ള മഹാഭാഗ്യമുണ്ടായി.
‘സ്വലാതു റളവിയ്യ അലാ ഖൈറിൽ ബരിയ്യ’ എന്ന പേരിലാണ് ഈ സ്വലാത് അറിയപ്പെടുന്നത്.