ഇരുനയനങ്ങൾക്കിടയിൽ മുത്ത് നബി(സ)യുടെ തിരു ചുംബനം ലഭിച്ച അദ്ധ്യാത്മിക ഗുരുവുണ്ട്. ഇമാം ശിബ് ലി ചരിത്രത്തിലെ മഹാവ്യക്തിത്വം. ആത്മജ്ഞാനത്തിൻ്റെ
സുൽത്താനായിരുന്നു മഹാനവർകൾ.
നിസ്കാര ശേഷം സൂറത്ത് തൗബയിലെ 128-മത്തെ ആയത്തും
لَقَدْ جَآءَكُمْ رَسُولٌ مِّنْ أَنفُسِكُمْ عَزِيزٌ عَلَيْهِ مَا عَنِتُّمْ حَرِيصٌ عَلَيْكُم بِٱلْمُؤْمِنِينَ رَءُوفٌ رَّحِيمٌ
സ്വലാത്തും പതിവാക്കിയതാണ്
ഈ മഹാഭാഗ്യത്തിന് കാരണം. ഇതു കൊണ്ട് തന്നെ മഹത്തുക്കൾ ഇമാം ശിബ് ലിയെ ചുംബിച്ചിരുന്നു.
ഖുതുബുൽ അഖ്താബ് ശൈഖ് ജീലാനി തങ്ങളുടെ ഗുരുപരമ്പരയിലെ അഞ്ചാമത്തെ കണ്ണിയാണ് മഹാനവർകൾ. സയ്യിദു ത്വാഇഫ ശൈഖ് ജുനൈദുൽ ബാഗ്ദാദിയുടെ പ്രിയപ്പെട്ട ശിഷ്യനായിരുന്നു ഇമാം ശിബ് ലി.
ഗുരുവിൻ്റെയും ശിശ്യൻ്റെയും ചരിത്രത്തിലെ ഒരു പ്രധാന സംഭവം താഴെ ചെർക്കുന്നു.
ശൈഖ് ജുനൈദും തന്റെ ശിഷ്യനും രാജ കൊട്ടാരത്തിലെത്തി,
രാജാവിന് കുറച്ച് മസ്അലകളിൽ അറിവ് നേടണം. ബഹുമാനനാദരവുകൾ അർപ്പിച്ചെങ്കിലും രാജാവിന്റെ സംസാരത്തിൽ അദബ്കേട് വന്നു. സംസാരത്തിൽ ഗൗരവ ഭാവം കടന്നു വന്നു.
ശൈഖ് ജുനൈദിന്റെ കൂടെയുണ്ടായിരുന്ന അബൂബക്കർ അബ്ദുല്ലാഹിക്ക് അത് സഹിച്ചില്ല. സ്വശരീരത്തിന് ഒരു അടി കൊടുത്തു. ശരീരത്തിന് മാറ്റം സംഭവിച്ചു.
പുലിയുടെ രൂപത്തിലേക്ക് മാറുന്നു. ശൈഖ് ജുനൈദ് ഒന്ന് തുറിച്ച് നോക്കിയതോടെ
അബൂബക്കർ അബ്ദുല്ലാഹി പഴയ രൂപത്തിലായി.
വീണ്ടും രാജാവിന്റെ സംസാരത്തിൽ
ശബ്ദം കൂടി, ഗൗരവം വന്നു. വീണ്ടും , സഹിക്കാനാവാതെ അബൂബക്കർ അബ്ദുല്ലാഹി
സ്വശരീരത്തിന് അടി കൊടുത്തു.
ഒരു സിംഹമായി രൂപാന്തരപ്പെട്ടു തുടങ്ങി, ശൈഖ് ജുനൈദ് ഒരു നോട്ടത്തിലൂടെ വീണ്ടും അടക്കി.
ഇതെല്ലാം ദർശിച്ചിരുന്ന രാജാവ് അപകടകരമായത് സംഭവിക്കുന്നതിന് മുമ്പ്
തന്നെ തന്റെ സിംഹാസനത്തിൽ നിന്നും ചാടി എഴുന്നേറ്റ് ശൈഖ് ജുനൈദിന്റെ കാലിൽ തലവെച്ചു കൊണ്ട് രാജാവ് മാപ്പിരന്നു.
ഈ കാരണം കൊണ്ടായിരുന്നു തന്റെ കൂടെയുണ്ടായിരുന്ന തന്റെ സേവകനും ശിഷ്യനുമായ അബൂബക്കർ അബ്ദുല്ലാഹിക്ക് ” സിംഹക്കുട്ടി ” എന്നർത്ഥം വരുന്ന ‘ശിബ് ലി ‘ എന്ന പേര് ലഭിച്ചത് .
ഇമാം അഹ്മദ് റസാഖാൻ ബറേൽവി തൻ്റെ ഗുരുപരമ്പരകളെ കുറിച്ച് പാടുന്നുണ്ട്
بہر شبلی شیر حق دنیا کے کتوں سے بچا
” സത്യത്തിൻ്റെ സിംഹമായ ഇമാം ശിബ് ലിയെ കൊണ്ട് ഐഹിക പ്രേമികളായ നായകളെ തൊട്ട് രക്ഷ നൽകണേ “
ഇമാം ശിബ് ലി ബാഗ്ദാദിൽതന്നെ ജനിച്ച് , ജീവിച്ച് , അവിടെ തന്നെ അന്ത്യ വിശ്രമം കൊള്ളുന്നു.
ഹിജ്റ 334, ദുൽഹജ്ജ് 27 ൽ ആയിരുന്നു വഫാത്ത്.
ശിബ് ലിയുടെ ശിഷ്യനോട് , തന്റെ ഗുരുവിന്റെ അന്ത്യനിമിഷങ്ങളെ കുറിച്ച് ചോദിക്കപ്പെട്ടു.
സംസാരശേഷി നിലച്ചു. നെറ്റി വിയർക്കുന്നു.
ആംഗ്യ രൂപത്തിൽ വുളു ചെയ്ത് കൊടുക്കാൻ ആവശ്യപ്പെട്ടു.
ശിഷ്യൻ വുളു എടുത്തു കൊടുക്കുന്നു.
വുളു എടുത്ത് കൊടുക്കുമ്പോൾ താടി നല്ലപോലെ തിക്കകറ്റി വിടർത്തി കഴുകാൻ ശിഷ്യൻ ശ്രദ്ധിച്ചില്ല .
ശിഷ്യൻ തുടരുന്നു .
അപ്പോൾ തന്റെ കൈ പിടിച്ച് വിരലുകൾ താടി രോമങ്ങൾക്കിടയിലൂടെ തിക്കകറ്റി കാണിച്ച് തന്ന് , നബിയുടെ ചര്യകൾ
നെഞ്ചോട് ചേർക്കുകയാണ് ശിബ് ലി . അവാരിഫിലൂടെ ഇമാം സുഹ്റ വർദി ഇത് വിവരിക്കുന്നുണ്ട്.
റളിയല്ലാഹു അൻഹും