ശൈഖ് ഉമറുൽ ഖാഹിരി
അല്ലഫിൽ പാടിത്തരുന്നുണ്ട് .
شل شريعة ولا تفشل إذ الشريعة
شرعة الشفيع عن فوُادك الأفشال شال
ശരീഅത്തിനെ ശക്തിയായി ഉയർത്തിപ്പിടിക്കുക.
ഭീരുവകരുത്.
ഭീരുത്വങ്ങളൊക്കെയും ഹൃദയത്തിൽ നിന്നൊഴിവാക്കിത്തന്ന, ശിപാർശകരായ
മുത്ത് നബി(സ)യുടെ മാർഗ്ഗമാണ് ശരീഅത്ത്.
ശൈഖ് മുഹമ്മദ് ഫരീദ് ബാവഖാൻ ആലിം സാഹിബും ഇത് തൻ്റെ വിവിധ രചനകളിലൂടെ പാടി തരുന്നുണ്ട്.
ശറഹ് പോൽ റഹ്മത്ത് നമുക്കൊന്നില്ലാ
ശറഇല്ലായിരുന്നെങ്കിൽ കര കാണൂലാ
ശരീഅത്ത് ഒഴിച്ചുള്ള ഹഖീഖത്തില്ലാ
ഹഖീഖത്ത് ഒഴിച്ചുള്ള ശരീഅത്തില്ലാ
അറിയണം ശരീഅത്തും ഹഖീഖത്തും ശരിക്ക്
അത് രണ്ടും ഒരുമിച്ചിട്ടിരിക്കണം മുറക്ക്
ശറഅ നമുക്ക് മതി ഇന്ന്
ശരിയായിട്ടു സുലൂക്കിന്ന്
سلوك بشرع الله اكمل طريقة
ശരീഅത്തിൽ എത്രത്തോളം ശരിയായി നിൽക്കുന്നുവോ അത്രത്തോളം ഹഖീഖത്തും
പൂർത്തീകരിക്കും.
അതിപ്രഗത്ഭരായ ഒട്ടേറെ അദ്ധ്യാത്മിക പ്രതിഭകളെ സമ്മാനിച്ച വലിയൊരു മുദരിസും സൂഫി ഗുരുവുമായിരുന്നു സമസ്തയുടെ
സ്ഥാപക നേതാക്കളിൽപ്പെട്ട ശൈഖുനാ ചെറിയമുണ്ടം കുഞ്ഞിപ്പോക്കർ മുസ്‌ലിയാർ. മഹാനവർകളുടെ പ്രധാന ശിഷ്യരിൽ പ്രമുഖരാണ് ശൈഖ് മുഹമ്മദ് ഫരീദ് ബാവഖാൻ ആലിം സാഹിബ്. ഒത്തിരി
ഫന്നുകളിൽ അവഗാഹം നേടി , ഉസ്താദിൻ്റെ മാർഗ്ഗദർശനത്താൽ തസവ്വുഫിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു.
തൊടുപുഴ ഹസ്റത്ത് എന്ന് അറിയപ്പെട്ടിരുന്ന ശൈഖ് മുഹമ്മദ് നൂരി ഖാദിരിയിൽ നിന്നും ഇജാസത്തും ഖിലാഫത്തും സ്വീകരിച്ചു.
ദറസിലും ,ദിക്റിലും , ഫിഖ്റിലുമായി ജീവിതം
റബ്ബിലേക്ക് സമർപ്പിച്ചു. ഇലാഹി ചിന്തയാൽ
ആത്മീയ ഔന്നിത്യം സമ്പാദിച്ചു. അവർ പാടിയും , എഴുതിയും വലിയ ദഅവത്ത് നടത്തി.
അതീന്ദ്രിയ ജ്ഞാനത്തിന്റെ
അത്ഭുത പ്രവാഹമായിരുന്ന
ശൈഖുൽ അക്ബർ മുഹ് യിദ്ദീനു
ബ്നു അറബിയുടെ അദ്ധ്യാത്മിക വഴിയിലെ പ്രോജ്വലിക്കുന്ന താരകമായിരുന്ന
ശൈഖ് മുഹമ്മദ് ഫരീദ് ബാവഖാൻ.
‘”വസീലത്തുൽ അസ്ഫിയാഇ
ബിഖാതിമിൽ ഔലിയ” എന്ന പേരിൽ ശൈഖുൽ അക്ബറിനെ കുറിച്ച് ഒരു ഗ്രന്ഥവും മഹാൻ രചിച്ചു. കൂടാതെ ശൈഖുൽ അക്ബർ ഇബ്നു അറബി തങ്ങളെ കുറിച്ച് പാടുന്നുണ്ട്
ആ രചനയാണ് ഖാതിമുൽ
ഔലിയ മാല.
“അശൈഖുൽ അക്ബറു മുഹ്യുദ്ദീൻ എണ്ടെ
അശൈഖ് ബഹ്റു പോലെഴുതീട്ടുണ്ട്
ഫുസൂസു , ഫുത്തുഹാത്തിൽ മക്കിയ്യ രണ്ട്
പെരുത്തവർക്കെനിയും കിതാബിതിൽ ഉണ്ട്.”
ഉമ്മുൽ ഹദീസ് , മുനാജാത്തുല്ലാഹി,
നസീഹത്തു റസൂൽ(സ) ,
വിർദുനൂർ ,
തഹ്ദീബുൽ അഖ്ലാഖ്
പ്രധാന രചനകളാണ്.
മറ്റനേകം സൂഫി ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.
കോട്ടയം ജില്ലയിലെ ഈരാട്ടുപേട്ടയിൽ
ഹി: 1328 ൽ ശൈഖ് ഫരീദ് ബാവ ഖാൻ ജനിച്ചു. പൂർവ്വികർ വടക്കേ ഇന്ത്യക്കാരാണ്. ഇവർ പിന്നീട് തമിഴ്നാട് ഉത്തമപാളയത്ത് എത്തി. അവിടെ നിന്നും ഈരാട്ടുപേട്ടയിലേക്ക് വന്ന മുഹമ്മദ് കൊന്താൽ ഖാൻ ആണ് പിതാവ് . മാതാവ് ഫാത്തിമ എന്നവരാണ്.
മുസ്‌ലിം സമൂഹത്തിന്റെ ആദരവ് പരിഗണിച്ച് കൊണ്ട് അന്നത്തെ ഭരണാധികാരികൾ കൊടുത്ത സ്ഥാനപ്പേരാണ് ‘ഖാൻ’ .
വിജ്ഞാന പ്രസരണത്തിലും ,
സാന്ത്വന പ്രവർത്തനങ്ങളിലുമായി ജീവിതം നയിച്ചു. കോട്ടയത്തെ അതിരമ്പുഴയിൽ 25 ൽ പരം വർഷം ഖാളിയായിരുന്നു. ഈരാട്ടുപേട്ട നൈനാർ പള്ളി മുതവല്ലിയും ആയിരുന്നു.
ആ ജീവിത ചരിത്രത്തിൽ നിന്നും
അല്പം ചേറൂർ അബ്ദുല്ല മുസ്ലിയാർ രചിച്ചിട്ടുണ്ട്. സയ്യിദ് ടി. എസ്. കെ. തങ്ങൾ ബുഖാരി തങ്ങൾ അവതാരിക എഴുതിയിട്ടുണ്ട്.
ശൈഖുനാക്ക് വളരെ വിപുലമായ ഗ്രന്ഥശേഖരമുണ്ട്.
ആ വീട് ഒരു ഗ്രന്ഥ പുരയാണ്. അവിടെ കിതാബുകൾ നോക്കാൻ വരുന്നവർക്ക് താമസ സൗകര്യങ്ങൾ പ്രിയ മക്കൾ ഒരുക്കുന്നു.
ദുൽഹജ്ജ് 16 മഹാന്റെ
വഫാത്ത് ദിനമാണ്.
ഈരാറ്റുപേട്ട നൈനാർ പള്ളിക്ക് സമീപം അന്ത്യവിശ്രമം കൊള്ളുന്നു.